ഇടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും സമരവേദിയാകുന്നു. കോവിഡിന്റെ പേരിൽ ആചാരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് നിരോധനം ലംഘിച്ച് നീലിമല വഴി സന്നിധാനത്ത് എത്തുമെന്ന് ഹിന്ദുഐക്യവേദി വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടന്ന സമരങ്ങൾക്ക് ഏതാണ്ട് രണ്ട് വർഷത്തിലധികമായുള്ള ഇടവേളയ്ക്ക് ശേഷമാണ് സന്നിധാനവും പരിസരവും വീണ്ടും സമര വേദിയാകുന്നത്. . ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഐക്യവേദി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പമ്പാ സ്നാനം, നീലിമല വഴിയുള്ള മലകയറ്റം, നെയ്യഭിഷേകം എന്നിവയ്ക്കുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ദേവസ്വം ബോർഡും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സർക്കാർതലത്തിൽ നടപടി ഉണ്ടായിട്ടില്ല.