മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഹര്‍ജി നാളെ പരിഗണിക്കും. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരായാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. നാളെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പമായിരിക്കും കേരളത്തിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്. രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്‌നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ രൂപീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സമിതിയില്‍ രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങള്‍ വീതമുണ്ടായിരിക്കണം. ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന നടപടിയില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്നും കേരളം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്‌നാടിനെ അറിയിച്ചതാണ്. എന്നാല്‍ തമിഴ്‌നാട് ഈ രീതി തുടര്‍ന്നു. നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളത്തിന്റെ നീക്കം. ഡാം തുറക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. പരസ്പര സഹകരണത്തോടെ പോയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു.