കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരുന്ന ഉദ്യോഗസ്ഥനും. ഹരിയാനയിലെ പഞ്ചക്കുള സ്വദേശിയായ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡറാണ് പദവി ഏറ്റെടുക്കും മുമ്പ് വിടപറഞ്ഞത്. ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് ആയി പ്രവർത്തിച്ചു വരികയായിരുന്നു ലിഡർ. മേജർ ജനറലായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഡിവിഷൻ ഓഫീസറായി ചുമതല ഏറ്റെടുക്കാനിരിക്കെയാണ് അപകടം. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ”എനിക്ക് 20 വർഷമായി ബ്രിഗേഡിയറെ അറിയാം. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തന്റെ പദവിക്ക് അദ്ദേഹം ഒരു അലങ്കാരമായിരുന്നു. ദുഷ്‌കരമായ ഘട്ടങ്ങളിൽ അദ്ദേഹം സൈന്യത്തെ വിജയകരമായി നയിച്ചു. യുഎൻ ദൗത്യങ്ങളിലും അദ്ദേഹം അംഗമായി. അദ്ദേഹത്തിന്റെ മരണം തനിക്ക് വ്യക്തിപരമായും രാജ്യത്തിനും കനത്ത നഷ്ടമാണ്”-കേണൽ ഭൂപീന്ദർ സിങ് പറഞ്ഞു.