ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്.രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയുമാണ് തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ഇക്കാരണത്താലാണ് അന്താരാഷ്ട്ര വിമാന സർവീസ് ജനുവരി 31 വരെ ദീർഘിപ്പിച്ചത്. 2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തു. തുടര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവിൽ ഇന്ന് വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്.