ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ അവധി ഞായറാഴ്ചയാക്കിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. നേരത്തെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന് ചട്ടമുണ്ടായിരുന്നു. ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നത്. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്‌കൂളുകളിൽ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിനെതിരെ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ നിയമവും.