കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി കൈക്കൊള്ളാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കൾ ചേർന്നാണ് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചു. അസുഖ ബാധിതയായി മരിച്ച ഓമനയ്ക്ക് മറ്റ് അവകാശികൾ ആരുമില്ല. അതിനാൽ ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ ചേർന്ന് മർദിച്ചത്. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.