//
15 മിനിറ്റ് വായിച്ചു

വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ സിപിഐ എം ക്യാമ്പയിന്‍ നടത്തും:-എം വി ജയരാജന്‍

കണ്ണൂര്‍:കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്-എസ്ഡിപിഐ വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ ജില്ലയില്‍ സിപിഐ എം വിപുലമായ ക്യാമ്പയിന്‍ നടത്തും. ഡിസംബര്‍ 28 മുതല്‍ ജനുവരി ആറു വരെയുള്ള ക്യാമ്പയിന്‍റെ ഭാഗമായി 230 കേന്ദ്രങ്ങളില്‍ മതേതര സദസ്സ് സംഘടിപ്പിക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു.ഏരിയാ- ലോക്കല്‍ കേന്ദ്രങ്ങളിലായിരിക്കും പരിപാടി.ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തു നടപ്പാക്കിയ തലശേരി വര്‍ഗീയ കലാപത്തിന് 50 വര്‍ഷം തികയുകയാണ്. 1971 ഡിസംബര്‍ 28ന് ആരംഭിച്ച കലാപത്തിന്‍റെ ലക്ഷ്യം കേരളത്തിന്‍റെ മതനിരപേക്ഷ രാഷ്ട്രീയ മനസ്സു തകര്‍ത്ത് ഉത്തരേന്ത്യന്‍ മാതൃകയില്‍ തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയായിരുന്നു. സിപിഐ എമ്മിന്‍റെ നേതൃത്വത്തില്‍ മതനിരപേക്ഷ ശക്തികളാകെ ഒറ്റക്കെട്ടായി നിന്ന് ആര്‍എസ്എസിന്‍റെ ഗൂഢനീക്കം തകര്‍ത്തെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള വര്‍ഗീയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ ആര്‍എസ്എസിനും അവരെ മറയാക്കി ശക്തിപ്പെട്ട പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള ന്യൂനപക്ഷ വര്‍ഗീയ- തീവ്രവാദ സംഘടനകള്‍ക്കും കഴിഞ്ഞുവെന്നും എം വി ജയരാജൻ പറഞ്ഞു.

ഇതിന്‍റെ ഏറ്റവും നല്ല തെളിവാണ് ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ടക്കൊലപാതകം.വര്‍ഗീയത ആളിക്കത്തിച്ച് ഏതു സമയത്തും കലാപവും കൊലപാതകങ്ങളും നടത്താന്‍ സജ്ജമാക്കിയ ‘ചാവേറുകള്‍’ തന്നെ ആര്‍എസ്എസിനും എസ്ഡിപിഐക്കും ഉണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുള്ള വിവരം. അതിനര്‍ഥം ആലപ്പുഴയില്‍ നടന്നതു പോലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നാണ്. കണ്ണൂരിലും ഈ രണ്ടുകൂട്ടര്‍ക്കും ഇത്തരം ചാവേറുകളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. മതനിരപേക്ഷ ശക്തികളെയും സമാധാന ജീവിതം ആഗ്രഹിക്കുന്ന ബഹുജനങ്ങളെയാകെയും അങ്ങേയറ്റം ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണിത്.
കള്ളക്കഥകളും കെട്ടുകഥകളും മെനഞ്ഞുണ്ടാക്കി ജനങ്ങളില്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തിയാണ് വര്‍ഗീയശക്തികള്‍ കലാപം സൃഷ്ടിക്കാറുള്ളതെന്നും ജയരാജൻ കുറ്റപ്പെടുത്തി.ഇനിയൊരു കലാപത്തിന് വിത്തെറിയാന്‍ വര്‍ഗീയശക്തികളെ അനുവദിക്കരുതെന്ന പ്രഖ്യാപനവുമായാണ് മതേതര സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച യു കെ കുഞ്ഞിരാമന്‍റെ അമ്പതാം രക്തസാക്ഷി ദിനമായ ജനുവരി നാലിന് കൂത്തുപറമ്പിലും സമാപന ദിവസമായ ജനുവരി ആറിന് തലശേരിയിലും വിപുലമായ പരിപാടികളുണ്ടാകുമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!