വിവാഹാര്‍ഭാടങ്ങള്‍ മാറ്റി നിര്‍ത്തിയപ്പോള്‍ ഒരു നിര്‍ധന കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്വന്തം വീടായി. പാലക്കാട് കാവശേരിയിലെ രാഹുല്‍-രത്നമണി ദമ്പതികളുടെ വിവാഹമാണ് ലളിതമാക്കി നടത്തി പ്രദേശത്തെ നിര്‍ധനകുടുംബത്തിന് വീടൊരുക്കി നല്‍കിയത്. മന്ത്രി കെ രാധാകൃഷ്ണന് വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
2017ലെ പ്രളയകാലത്താണ് മുതലക്കുളം കോളനിയിലെ കോതയുടെ വീട് ഇടിഞ്ഞുവീണത്.. പിന്നീട് ഓലകൊണ്ട് മറച്ച ഒറ്റമുറി ഷെഡ്ഡിലായിരുന്നു കുടുംബത്തിന്റെ താമസം. ആകെയുളള രണ്ടരസെന്റിന് ആധാരമില്ലാത്തതിനാല്‍ ഭവന പദ്ധതികളിലൊന്നിലും ഇടം പിടിച്ചതുമില്ല. ഇതോടെയാണ് കാവശ്ശേരി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച നാട്ടുകാരന് തന്നെയായ ദിലീപ് കുമാര്‍, തന്റെ മകന്റെ വിവാഹത്തിന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്കാന് തീരുമാനിച്ചത്.. കാര്യമറിയിച്ചപ്പോള്‍ മകനും മരുമകള്‍ക്കും നിറഞ്ഞ സന്തോഷം.
അഞ്ചേമുക്കാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് സ്ത്രീകള്‍ മാത്രമുളള കുടുംബത്തിന് സുരക്ഷിത ഭവനം ഒരുക്കി നല്‍കിയത്. നല്ല മാതൃകയുടെ ഭാഗമാകാന്‍ മന്ത്രി കെ രാധാകൃഷ്ണനും കാവശേരിയിലെത്തി. ഒന്നോ രണ്ടോ ദിവസത്തെ വിവാഹാഘോഷങ്ങള്‍ ലളിതമാക്കിയപ്പോള്‍ കോതക്കും കുടുംബത്തിനും ലഭിച്ചത് ആജീവനാന്തം ആശ്വാസത്തോടെ കഴിയാന്‍ സ്വന്തം വീടാണ്. മുതലക്കുളം കോളനിക്കാര്‍ ആഘോഷപൂര്‍വ്വമാണ് വീടിന്റെ താക്കോല്‍ദാന ചടങ്ങിനെ വരവേറ്റത്.