ഇസ്തിരിപ്പെട്ടി വച്ച് ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ പൊളളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിള കോളനി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ അഗസ്റ്റിനെ(33) യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. സംഭവം കണ്ട മൂത്തകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഭവം കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പുറത്തറിഞ്ഞത്. എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ കഴിഞ്ഞ നാല് ദിവസമായി കാണാത്തതിനാൽ അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ മകളുടെ വീട്ടിൽ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോൾ അഞ്ച് വയസ്സുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചു എന്നാണ് പറഞ്ഞത്.
സംശയം തോന്നിയ ആരോഗ്യ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി ചൂടാക്കി പെള്ളിച്ചതാണെന്ന് കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്താൽ മൂത്ത മകനോട് കുറ്റം ഏൽക്കാൻ പിതാവ് നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്ലാസ്റ്റിക് വയർ ഉരുക്കി കുട്ടിയുടെ നെഞ്ചിലും പൊളളലേൽപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കുട്ടിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മുറിവ് അപകടകരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു. മൂന്നു വർഷം മുൻപ് മുല്ലൂരിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് പിടിയിലായ അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെഎൽ സമ്പത്ത്, ജി വിനോദ്, എഎസ്ഐ. മാരായ ചന്ദ്രലേഖ, മൈന എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തുവെന്ന് എസ്എച്ച്ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.