ന്യൂഡൽഹി > അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം. അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിനിടെയാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖീ മോദിയോട് ചോദ്യം ചോദിക്കുന്നത്.
രാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള വിവേചനത്തെപ്പറ്റിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ എന്തു ചെയ്യുന്നു എന്നുമായിരുന്നു സബ്രിനയുടെ മോദിയോടുള്ള ചോദ്യം. രാജ്യത്ത് വിവേചനം നിലനിൽക്കുന്നില്ലെന്നായിരുന്നു ഇതിന് മോദിയുടെ മറുപടി. ഇതിനു ശേഷം വ്യാപകമായി സബ്രിനയ്ക്കു നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയായിരുന്നു.
സബ്രിനയുടെ മതവിശ്വാസം ചൂണ്ടിക്കാട്ടിയും ആക്രമണം ഉണ്ടാകുന്നുണ്ട്. എല്ലാ തരത്തിലുമുള്ള അവകാശങ്ങൾ എല്ലാ മനുഷ്യർക്കും ലഭ്യമാകുന്നുണ്ടെന്നും രാജ്യത്ത് വിവേചനമില്ലെന്നും മോദി സർക്കാർ കൊട്ടിഘോഷിക്കുമ്പോഴാണ് ചോദ്യം ചോദിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തക വേട്ടയാടപ്പെട്ടത്.