ഒരു രാത്രിയും ഒരു പകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ള പാച്ചിലിന് മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയായത്. മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും പാലത്തിലൂടെ മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്ന് പോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.
ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമ ഗ്രികൾ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചിരുന്നത്. പിന്നീട് ട്രക്കുകളിലാണ് അവ ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിംഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. 190 അടി നീളമുള്ള പാലത്തിന് 24 ടൺ ഭാരം വരെ താങ്ങാൻ ശേഷിയുണ്ട്.
വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയര്‍ന്നത്. മുണ്ടക്കൈ മേഖലയിലെ തുടര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതോടെ വേഗതയേറും.