//
11 മിനിറ്റ് വായിച്ചു

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് അപകടം: ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

കിളിമാനൂർ> ഫോട്ടോയെടുക്കുന്നതിനിടെ കല്ലമ്പലം പള്ളിക്കൽ പുഴയിൽവീണ്‌ നവദമ്പതികളെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെയും മൃതദേ​​ഹങ്ങൾ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ്‌ പുഴയിൽവീണ് അപകടത്തിൽപെട്ടത്. കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു അൻസിൽ ഖാനും (19) ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. അൻസിലിന്റെ മൃതദേഹം രാത്രിയിൽ തന്നെ കണ്ടെത്തിയിരുന്നു.

ശനി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കല്യാണം കഴിഞ്ഞ്‌ അൻസിലിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു സിദ്ദീഖും നൗഫിയയും. അൻസിലിനെയുംകൂട്ടി പുഴ കാണാൻ പോയതായിരുന്നു ഇരുവരും. പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടയിൽ സിദ്ദിഖും നൗഫിയയും വെള്ളത്തിൽ വീഴുകയായിരുന്നു. അൻസിൽ ഇവരെ രക്ഷിക്കാൻ വെള്ളത്തിൽ ചാടുകയായിരുന്നു.  5.30 ഓടെ ഈ ഭാഗത്ത് മീൻപിടിക്കാനെത്തിയ പ്രദേശവാസി ചെരുപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയം തോന്നിയ ഇയാൾ നാട്ടുകാരേയും പൊലീസിനെയും വിവരമറിയിച്ച്‌ തെരച്ചിൽ നടത്തുകയായിരുന്നു.

രാത്രി 8.45 ഓടെ അൻസിലിന്റെ മൃതദേഹം കണ്ടെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പള്ളിക്കൽ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരും ചേർന്ന്‌ രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും വെളിച്ചക്കുറവ് പ്രതികൂലമായി. കാലവർഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാൽ രാത്രിയിലെ തിരച്ചിൽ ദുഷ്കരമായിരുന്നു.

പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിനുലാബുദ്ദീൻ ഹസീന ദമ്പതികളുടെ മകനാണ്‌ അൻസിൽ. ജൂലൈ 16 ന്‌ ആയിരുന്നു സിദിഖിന്റെയും നൗഫിയയുടെയും വിവാഹം. കുമ്മിൾ ചേനാമുകളിൽ പുത്തൻവീട്ടിൽ ഹയറുന്നീസയുടേയും മർഹൂം ഇസഹാഖിന്റെ മകനാണ്‌ സിദ്ദിഖ്‌. കാരാളിക്കോണം അർക്കന്നൂർ കാവതിയോട്‌ പച്ചയിൽ നൗഷാദിന്റെയും നസീമയുടേയും മകളാണ്‌ നൗഫിയ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!