കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.അതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി.ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്.കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ പ്രതികൾ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകൾ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ 4 ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്