////
15 മിനിറ്റ് വായിച്ചു

തൊഴിലുറപ്പ് തൊഴിലാളികൾ സി പി എമ്മിന്റെ അടിമകളല്ല: അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: സി പി എം പരിപാടിക്ക് പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് ഭീഷണിപ്പെടുത്താൻ തൊഴിലുറപ്പ് തൊഴിലാളികൾ സി പി എമ്മിന്റെ അടിമകളല്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകൾ കാരണം ജനമധ്യത്തിൽ സി പി എം അപഹാസ്യമായി നിൽക്കുന്ന അവസരത്തിലാണ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതിരോധ ജാഥ നയിക്കുന്നത്. പ്രതിരോധ ജാഥയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുക്കാത്തത് സംബന്ധിച്ച് ഭീഷണി സ്വരത്തിൽ താക്കീത് നൽകുന്ന മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുചിത്രയുടെ വോയിസ് തൊഴിലാളി വിരുദ്ധവും ജനാതിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു . കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസമായ ഈ പദ്ധതിയെ തൊഴിലാളികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തൊഴിൽ ദിനങ്ങൾ ചുരുക്കിയത് കാരണവും ഫണ്ട് വെട്ടിക്കുറച്ചത് മൂലവും വളരെയധികം ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നത് . അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും യാതൊരു ലജ്ജയുമില്ലാതെ കയ്യിട്ടു വാരിയ പാർട്ടി സഖാക്കളും മൗനാനുവാദം നൽകിയ സി പി എം പാർട്ടിയും തൊഴിൽ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂർണമായും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് .ഒരു പൗരന്റെ സ്വതന്ത്രമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സി പി എം തെഴിലാളി വർഗ്ഗ പ്രത്യശാസ്ത്രമെന്ന വാക്ക് ഉച്ചരിക്കുവാൻ പോലും അർഹത ഇല്ലാതായിരിക്കുകയാണ് . തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയൻ്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല. തൊഴിലുറപ്പ് അവകാശമാണ്.സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ച പടിയൂർ പഞ്ചായത്ത് അധികൃതർക്കെതിരെ പരാതി ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ഭീഷണികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് . എക്കാലവും ഭീഷണിപ്പെടുത്തി തൊഴിലാളി വർഗ്ഗത്തെ ചൊൽപ്പടിക്ക് നിർത്താമെന്നും പാർട്ടി പരിപാടികളിൽ ആളെ കൂട്ടാമെന്നും സി പി എം വ്യാമോഹിക്കണ്ട. പാർട്ടി ജാഥയിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ പണി നിഷേധിക്കുമെന്ന് ഭീഷണി മുഴക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!