സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തും. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് വിവരം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കാന്‍ പോകുന്നത്.കാബിനറ്റിന്റെ അംഗീകാരത്തെത്തുടര്‍ന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.2020 ഡിസംബറില്‍ ജയ ജയ്റ്റ്‌ലി അധ്യക്ഷനായ സമിതി നീതി ആയോഗിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീശാക്തീകരണം ശരിയായി നടപ്പിലാക്കുക, ബാധവത്കരണം നടത്തുക, ലൈംഗികവിദ്യാഭ്യാസം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. പെണ്‍കുട്ടികള്‍ ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന രീതി നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നും ഈ സമിതി നിര്‍ദേശം നല്‍കിയിരുന്നു.1978ലാണ് രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസില്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത്. 1929ലെ ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഈ തീരുമാനം.