കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന സംഭവത്തില്‍ കൃത്യം നടത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.ഇരുതല മൂര്‍ച്ചയുള്ള കത്തിയാണ് കണ്ടെത്തിയത്. പ്രതി റബീഹിന്റെ വീടിന് പുറകുവശത്ത് നിന്നുമാണ് കത്തി കണ്ടെടുത്തത്.ആയുധം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. പയ്യാമ്ബലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരു സ്വദേശി ജസീര്‍ (35) ആണ് തിങ്കളാഴ്ച അര്‍ധരാത്രി 12.30ഓടെ ആയിക്കര മത്സ്യമാര്ക്കറ്റിനടുത്തുവച്ച് കുത്തേറ്റ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി ഹനാന് (22), ആദികടലായി സ്വദേശി റബീഹ് (24) എന്നിവരെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം പ്രതികളെ വീട്ടിലെത്തിച്ച സുഹൃത്തിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ ആലോചനയില്ലെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ കേസിലെ പ്രധാന സാക്ഷിയാണ്. കൃത്യത്തിനുശേഷം പ്രതികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന് സമീപം 20 മിനിറ്റ് കഴിഞ്ഞാണ് ഇയാള്‍ എത്തിയത്. പ്രതികള്‍ ഇയാളെ ഫോണില്‍ വിളിച്ച് ഇവിടേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സുഹൃത്ത് ബൈക്കില്‍ വീട്ടിലെത്തിച്ചു. കൊലപാതകത്തില്‍ ഇയാള്‍ക്കു പങ്കൊന്നുമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന പോലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതികള്‍ ലഹരിയിലായിരുന്നുവെന്ന ആരോപണം തെറ്റാണെന്നും പോലീസ് പറഞ്ഞു.