കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണം പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ‘സുകുമാരക്കുറുപ്പ് പോയിട്ട് എത്രകാലമായി, പിടിച്ചോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശം നിയമവിദഗ്ധര്‍ പരിശോധിക്കുമെന്നും, സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.’കക്കാന്‍ പഠിച്ചവന് ഞെയലാനുമറിയാം. എന്നെ വെടിവെച്ചത് സുധാകരന്‍ ആണെന്ന് എപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ടോ? സുധാകരനെ പോലെ തരം താഴാന്‍ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിര്‍മ്മിക്കാനും എറിയാനും അറിയില്ല’, ഇ പി ജയരാജന്‍ പറഞ്ഞു. മുന്‍ ഡിജിപിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും കേരളം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുകയാണ്. ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉചിതമായി സ്വീകരിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്, അതില്‍ പ്രത്യേകം എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ല. നിയമ വിദഗ്ദര്‍ തന്നെ അത് പരിശോധിക്കും. നിയമപരമായ കാര്യങ്ങള്‍ നിയമപരമായി തന്നെ പരിശോധിക്കും, സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം സര്‍ക്കാര്‍ ചെയ്യും. കോടതിയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. കോടതിയില്‍ നിന്ന് ശരിയായ നിലപാട് സ്വീകരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സര്‍വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആരായാലും സാധാരണ പൗരനാണ്. താന്‍ ആര്‍ക്കെങ്കിലും എതിരായോ അനുകൂലിച്ചോ ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.