മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായി കേരള പോലീസ്. പോലീസിന്റെ വാഹന പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും.
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകുമെന്ന് പോലീസ് പറഞ്ഞു. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും പോലീസ് അറിയിച്ചു.