തിരുവനന്തപുരം> കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട് കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണെന്ന് പറഞ്ഞാണ് മന്ത്രി അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസിന്റെയും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുടെയും ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
“ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന തങ്ങളെ സഹായിച്ച വിദ്യാര്‍ഥികളെ കുറിച്ചുള്ള അനുഭവവും അവരുടെ ചിത്രവും ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല ഗ്രൂപ്പിൽ ഇട്ടു. കൈമാറി കൈമാറി ഈ വിവരം എന്റെ വാട്ട്സാപ്പിലുമെത്തി. ഈ മിടുക്കൻമാർ ആരെന്ന് അന്വേഷിച്ചപ്പോൾ ആർക്കും അറിയുകയുമില്ല. ഇന്ന് രാവിലെയോടെയാണ് മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും തിരിച്ചറിയുന്നത്”- മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട് കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയുമാണ് ഇവരെ പരിചയപ്പെടുത്തിയത്. ഓഡിയോ സന്ദേശത്തിൽ പറഞ്ഞ അജ്ഞാതരായ ആ കുട്ടികളെ വലിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ബിന്ദുവിന്റെയും രാജേശ്വരിയുടെയും അനുഭവം ഇങ്ങനെ.
ഇന്നലെ ശനിയാഴ്ച പതിവുപോലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വൈകിട്ട് തരംതിരിച്ച് മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു ബിന്ദുവും രാജലക്ഷ്മിയും. ഒന്നര കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രത്തിലേക്ക് കയ്യിലും തലയിലുമായി ഏഴ് ചാക്കുകളുമായി ഇരുവരും നടക്കുകയായിരുന്നു. ഇങ്ങനെ നടക്കുമ്പോൾ പുറകിൽ നിന്ന് സൈക്കിളിൽ ബെല്ലടിച്ച് രണ്ട് കുട്ടികൾ അടുത്തെത്തി. ‘ആവുന്നില്ല അല്ലേ ഏച്ചീ, ആട നിൽക്ക്’ എന്ന് പറഞ്ഞ് കൊണ്ട് അവർ തന്നെ അതിലെ വലിയൊരു ചാക്ക് എടുത്ത് സൈക്കിളിന്റെ പുറകിൽ വെച്ചു. അടുത്തയാളിന്റേത് ഒരു ചെറിയ സൈക്കിളാണ്. ഒരെണ്ണം അതിലും എടുത്ത് വെച്ചു. അവരത് സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിച്ച് കൊടുത്തു. സന്തോഷം പങ്ക് വെക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾ മിഠായി വാങ്ങി കൊടുത്തപ്പോൾ, മിഠായി കവർ വലിച്ചെറിയാതെ ചാക്കിലിടാനും അവർ മറന്നില്ല. മുതിർന്നവർ പോലും കാണിക്കാത്ത ജാഗ്രത.
ഈ അനുഭവവും അവരുടെ ചിത്രവും രാജലക്ഷ്മി ഹരിത കർമ്മസേനയുടെ പഞ്ചായത്ത് തല ഗ്രൂപ്പിൽ ഇട്ടു. കൈമാറി കൈമാറി ഈ വിവരം എന്റെ വാട്ട്സാപ്പിലുമെത്തി. ഈ മിടുക്കൻമാർ ആരെന്ന് അന്വേഷിച്ചപ്പോൾ ആർക്കും അറിയുകയുമില്ല. ഇന്ന് രാവിലെയോടെയാണ് മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും തിരിച്ചറിയുന്നത്.
ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാലിന്യം ശേഖരിക്കാനും കൊണ്ടുപോകാനും ശാസ്ത്രീയവും ആധുനികവുമായ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോ വിതരണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേണ്ടിയും തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടിയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഹരിത കർമ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേർത്തുപിടിക്കണമെന്നും നാടിനെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ഇവരിരുവരും. കുട്ടികളാണ് മാലിന്യമുക്ത നവകേരളത്തിന്റെ സന്ദേശവാഹകരെന്ന് ഇവർ വീണ്ടും തെളിയിക്കുന്നു