7 മിനിറ്റ് വായിച്ചു

പ്രതിഷേധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം ലോക്സഭയിൽ പാസാക്കി

തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി.എസ്.പി, ആർ.എസ്.പി അംഗങ്ങൾ എതിർത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!