വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും, മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. കേസുകളില്‍ കേന്ദ്രസഹായം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണുന്നത്.
വാളയാര്‍ കേസ് അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടും. തങ്ങള്‍ക്ക് മാത്രമായി ഒരു അഭിഭാഷകന്‍ വേണമെന്നും ആവശ്യമുണ്ട്. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവില്‍ അലയാന്‍ പാടില്ല. കേന്ദ്രമന്ത്രിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. കേസില്‍ സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യമുണ്ടെന്നും ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നും തിരുവനന്തപുരത്തെത്തിയ മധുവിന്റെ അമ്മ പറഞ്ഞു.ഇന്നലെയായിരുന്നു അമിത് ഷാ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ച് പോകും. നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.