കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ജില്ലയിൽ മഴക്കെടുതി ബാധിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ് എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. എ ഡി എം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെ എസ് ഡി എം എ ഹസാർഡ് ആൻ്റ് റിസ്ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയർ കൺസൽട്ടൻ്റ് ഡോ വിജിത്ത് എച്ച് എന്നിവരാണ് സന്ദർശനം നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്ന് ആഴ്ച്ചകകം ഡി ഡി എം എ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്.
രാവിലെ തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പഞ്ചായത്ത് അധികാരികളുമായും ജനങ്ങളുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തു. പഞ്ചായത്ത് സ്വീകരിക്കേണ്ട നടപടികൾ സംഘം നിർദേശിച്ചു. തലശ്ശേരി തഹസിൽദാർ സി പി മണി, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ജയരാജൻ മാസ്റ്റർ, ശ്രീജ പ്രദീപൻ, വാർഡ് മെമ്പർമാരായ ഷീബ ഇടയാർ, പി സുരേഷ്, ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോളയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടക്കുന്ന മലബാർ റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറി സംഘം സന്ദർശിച്ചു. ക്വാറിയുടെ നിലവിലെ സ്ഥിതി സംഘം വിശദമായി പരിശോധിച്ചു. പ്രദേശവാസികളുമായും ചർച്ചകൾ നടത്തി. ക്വാറിയുമായി ബന്ധപ്പെട്ട് ഉടനടി സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികാരികൾക്കും നിർദേശങ്ങൾ നൽകി. തുടർന്ന് സംഘം ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 30- മൈലിൽ വലിയ വിള്ളലിന് തുടർന്ന് റോഡ് ഇടിഞ്ഞ താണ ഭാഗം പരിശോധിച്ചു. വെകിട്ട് എട്ടാം വാർഡിലെ സെമിനാരി വില്ലയിൽ ഭൂമി ഇടിഞ്ഞ് താണ ഭാഗം സന്ദർശിച്ചു. ഇരിട്ടി തഹസിൽദാർ ലാലിമോൾ, ഡെപ്യൂട്ടി തഹസിൽദാർ സിജോയി കെ പോൾ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ തുടങ്ങിയവരുമായും പ്രദേശവാസികളുമായും സംഘം ചർച്ച നടത്തി ഉടനടി സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ചു.
കേളകം ഗ്രാമ പഞ്ചായത്തിൽ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടിയും സംഘം സന്ദർശിച്ചു. വീടുകൾ സന്ദർശിച്ച് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ്, വാർഡ് മെമ്പർമാരായ സജീവൻ പാലുമ്മി, ഷിജി സുരേന്ദ്രൻ, പ്രദേശവാസികൾ എന്നിവരുമായി വിദഗ്ധ സംഘം ചർച്ചകൾ നടത്തി.