മൂവാറ്റുപുഴ > നിർമ്മല കോളേജ് വിദ്യാർഥിനി ആർ നമിത ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് വീട്ടിൽ ആൻസൻ റോയി (21) യ്ക്കെതിരെ നരഹത്യക്ക് കേസെടുത്തായി മൂവാറ്റുപുഴ ഇൻസ്പെക്ടർ പി എം ബൈജു പറഞ്ഞു. ആൻസൻ അമിതവേഗതയിൽ ഓടിച്ച ബൈക്കിടിച്ചാണ് നമിത മരിച്ചത്. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണിയാൾ.
അപകടം നടക്കുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പ്രതിയാണ് ആൻസൻ. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് നമിതയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഓടിച്ച ബൈക്ക് പിടിച്ചെടുത്തു. അപകടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച ബസ് കണ്ടെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി. രക്തസാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ചികിത്സയിലുള്ള ആൻസനെ ചോദ്യം ചെയ്യുകയും അറസ്റ്റടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.