മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാലു തവണ മന്ത്രിയും എട്ടു തവണ നിയമസഭാംഗവുമായിരുന്ന ആര്യാടൻ മുഹമ്മദിന് മലയാളക്കര വിട നൽകിത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നിലമ്പൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാക്കയുടെ അന്ത്യം. നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേർ ഇന്നും അന്തിമോപചാരം അർപ്പിക്കാനായെത്തി.
മന്ത്രിമാരായ വി അബ്ദുറഹിമാൻ, എ കെ ശശീന്ദ്രൻ എന്നിവർ നിലമ്പൂരിലെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ, ജില്ലയിലെ ലീഗ് നേതാക്കൾ, സി പി ഐഎം നേതാവ് എം സ്വരാജ്, തുടങ്ങിയവരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡി സി സി ഓഫീസിലുമായിരുന്നു പൊതു ദർശനം. കറ കളഞ്ഞ മതേതര വാദിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണ്.