//
23 മിനിറ്റ് വായിച്ചു

സിൽവർലൈൻ പുനരധിവാസപാക്കേജായി, ഭൂമിയും വീടും പോയാൽ തുക ഇങ്ങനെ

തിരുവനന്തപുരം: കെ – റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജായി. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാർത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.

പുനരധിവാസപാക്കേജ് ഇങ്ങനെയാണ്:

വീട് നഷ്ടപ്പെട്ടാൽ – നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്.വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് – നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും)വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾ – നഷ്ടപരിഹാരം + 50,000 രൂപ .വാടകക്കെട്ടിടത്തിലാണെങ്കിൽ – 2 ലക്ഷം രൂപ.വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് – 50,000 രൂപ.കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ – 25,000 – 50,000 രൂപ വരെ

add

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ നേരത്തേ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.അതേസമയം, പദ്ധതിയെ എതിർത്ത് പരസ്യമായിത്തന്നെ രംഗത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠനത്തിന് തുടക്കമിടുകയാണ്. റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് പരിഷത്തിന്‍റെ പഠനം. റിപ്പോർട്ട് ലഘുലേഖയായി  പൊതുജനങ്ങളിലേക്കെത്തിക്കും. ഒരു ഭാഗത്ത് കെ റെയിലിനെതിരെ  ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം. എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സിപിഎം. ഇതിനിടെയാണ്  വിശദമായ പാരിസ്ഥിതിക ആഘാത പഠനത്തിന് ഇടത് പക്ഷത്തോടൊപ്പമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കമിടുന്നത്. പദ്ധതി അപ്രായോഗികമെന്നും അശാസ്ത്രീയമെന്നും നേരത്തെ തന്നെ നിലപാടെടുത്ത പരിഷത്ത് ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുളള പഠനമാണ് ലക്ഷ്യമിടുന്നത്.

ഡിപിആര്‍ സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെ പദ്ധതിയെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ അതിരടയാള കല്ലുകള്‍ ഇട്ടതിന് നൂറുമീറ്റർ വീതിയിൽ ഇരുവശത്തുമുളള വീടുകൾ, ജൈവവൈവിദ്ധ്യങ്ങൾ, തോടുകൾ  തുടങ്ങിയവ  ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ പ്രത്യേക സോഫ്റ്റ് വെയറിൽ ക്രോഡീകരിക്കും.സിൽവർ ലൈൻ പദ്ധതി നടപ്പായാൽ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങൾ  എണ്ണിപ്പറഞ്ഞ റിപ്പോർട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. സ്റ്റാൻഡേർഡ് ഗേജ് വരുന്നതോടെ  റെയിൽ ശൃംഖലയിൽ സംഭവിക്കാവുന്ന സാമ്പത്തിക തകർച്ചയും ആദ്യ റിപ്പോർട്ടിലുണ്ട്.പാരിസ്ഥിതിക ആഘാതത്തോടൊപ്പം  സാമ്പത്തിക ആഘാതം കൂടി വിശദമായ ചർച്ചക്ക് വിധേയമാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. സർക്കാർ പോലും വിശദമായ പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്ന വസ്തുത നിലനിൽക്കേ, പരിഷത്ത് പഠനവുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് സമ്മർദ്ദമേറ്റുന്നുണ്ട്.എന്നാൽ ഇതിനെയെല്ലാം മറികടന്ന് മുഖ്യമന്ത്രി ജനങ്ങളോട് സംവദിക്കുന്ന പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് പൗരപ്രമുഖരെയും സാമുദായിക നേതാക്കളെയും ക്ഷണിച്ചുകൊണ്ട് വിപുലമായിത്തന്നെ നടത്തുന്ന ആദ്യപരിപാടി.

error: Content is protected !!
Exit mobile version