ഗുവാഹത്തി > കനത്ത മഴ തുടരുന്ന അസമിൽ വെള്ളപ്പൊക്ക ദുരിതം രൂക്ഷമാകുന്നു. 15 ജില്ലയിലായി നാലു ലക്ഷത്തിലേറെ പേർ ഇപ്പോഴും ദുരിതത്തിലാണ്. നൽബാരി ജില്ലയിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ മരിച്ചവർ മൂന്നായെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. 220 ദുരിതാശ്വാസ ക്യാമ്പിൽ 81,352 പേരുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ജോർഹട്ടിലെ തേസ്‌പുരിലും നെമതിഘട്ടിലും ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. ബജാലി, ബക്‌സ, ബാർപേട്ട, ചിരാങ്, ദരാങ്, ധുബ്രി, ദിബ്രുഗഡ്, ഗോൾപാറ, ഗോലാഘട്ട്, ജോർഹട്ട്, കാംരൂപ്, ലഖിംപുർ, നാഗോൺ, നാൽബാരി, താമുൽപുർ എന്നീ ജില്ലകളിൽ പകർച്ചവ്യാധികൾ രൂക്ഷമായതായും റിപ്പോർട്ടുണ്ട്.
1118 ഗ്രാമം വെള്ളത്തിനടിയിലായി. 8469.56 ഹെക്ടർ വിളകൾ നശിച്ചു. 964 മൃഗങ്ങൾ ഒഴുകിപ്പോയതായി അധികൃതർ അറിയിച്ചു. ദരാങ് ജില്ലയിൽ നാല് അണക്കെട്ടുകളും നാൽബാരി, ഗോലാഘട്ട്, കാംരൂപ്, ബിശ്വനാഥ് എന്നിവിടങ്ങളിൽ 15 അണക്കെട്ടും തുറന്നു. കരിംഗഞ്ച് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.