കണ്ണൂര്‍ : വൈദ്യശാസ്ത്രരംഗത്തെ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനും, പ്രത്യാഘാത സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതുവഴി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമിതിയാണ് മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിങ്ങ് സെന്റര്‍ (എം ഡി എം സി). കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫാര്‍മകോപീഡിയ കമ്മീഷന്റെ ഭാഗമായാണ് എം ഡി എം സി പ്രവര്‍ത്തിക്കുന്നത്.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ചികിത്സാ സംവിധാനങ്ങളുടെ നിലവാരവും, ഉപകരണങ്ങളുടെ സാന്നിദ്ധ്യവും പരിഗണിച്ചാണ് എം ഡി എം സി യുടെ സെന്ററായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ ഇങ്ങനെ ആദ്യമായി തിരഞ്ഞെടുക്കുന്ന ആശുപത്രിയും ആസ്റ്റർ മിംസ് ആണ്. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളെ നിരീക്ഷിക്കുക, റിപ്പോര്‍ട്ട് ചെയ്യുക, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ടും അനുബന്ധമായ മറ്റ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയും നിരന്തര പഠന-പരിശീലന പരിപാടികള്‍ ഘടിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൂടി ഇതോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് കൈവന്ന് ചേരും. ഇത്തരം സാഹചര്യം ആസ്റ്റര്‍ മിംസിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം ലഭ്യമാവുന്നതിന് സഹായകമാവും.