കണ്ണൂർ: അച്ചടക്ക നടപടിയുടേ പേരിൽ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം. ബുധനാഴ്ച വൈകിട്ട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ തെരത്തെടുപ്പിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 5 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരിച്ചറിയാൽ കാർഡ് വിതരണത്തിനിടെ അഞ്ച് പേർ ചേർന്ന് കയ്യേറ്റം ചെയ്തെന്നും കസേരകൊണ്ട് അടിച്ചെന്നുമാണ് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ ബദൽ പാനൽ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് തന്നോട് മുന്നേയുള്ള എതിർപ്പാണ് കോൺഗ്രസിൽ നിന്നുള്ള പുറത്താക്കലിലേക്ക് എത്തിയതെന്നാണ് മമ്പറത്തിന്റെ ആരോപണം. പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്നും മമ്പറം ദിവാകരൻ ആരോപിക്കുന്നു. അതേ സമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണ് തർക്കവും പുറത്താക്കലുമെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈരത്തിന്റെ ക്ലൈമാക്സാണ് പുറത്താക്കൽ.ബ്രണ്ണൻ വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ, സുധാകരനെതിരെ പല സമയത്തും രംഗത്തെത്തിയിരുന്നു. അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരന്റെ ചിറകരിയാൻ സുധാകരൻ ക്യാംപ് പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്. പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ പുറത്താക്കിയത്. പാർട്ടിക്ക് പുറത്താണെങ്കിലും ഡിസംബർ 5 ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം.