പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതകം, അക്രമി സംഘമെത്തിയത് മൂന്ന് പേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് സന്ദീപിന്റെ സുഹൃത്തുക്കൾ. സന്ദീപിനെ കുത്തിയതിന് ശേഷം സമീപത്തെ കടയിലെത്തിയും പ്രതികൾ ഭീഷണി മുഴക്കി. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്നും സന്ദീപിന്റെ സുഹൃത്ത് രാകേഷ് പറഞ്ഞു. ”വ്യക്തിപരമാണെങ്കിൽ സന്ദീപിനെ മാത്രം ഉന്നം വെച്ചാമതിയായിരുന്നു. ഞങ്ങളെയും അവര് അന്വേഷിച്ചു. പ്രതികൾ ആർഎസ്എസ് ബിജെപി പ്രവർത്തകർ തന്നെ. ഞങ്ങൾ സ്ഥിരം ഇരിക്കുന്ന സ്ഥലം അവർ നോക്കി വെച്ചു”. രാകേഷ് പറഞ്ഞു. ഇതിനിടെ സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു . യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതൽ തവണ കുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.