/
18 മിനിറ്റ് വായിച്ചു

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടാകില്ലെന്ന് പി ജി ഡോക്ടര്‍മാരുടെ ഓഡിയോ സന്ദേശം; പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടാകില്ലെന്ന സൂചന നല്‍കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. പിജി ഡോക്ടേഴ്‌സിന്റെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയെ കാണുന്നത്. മന്ത്രി പേരിനുവേണ്ടിയാണ് കാണാന്‍ തയ്യാറായതെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. പ്രതിഷേധം ശക്തമാക്കണമെന്നും ആഹ്വാനമുണ്ട്.‘നമ്മളിപ്പോള്‍ ഭയങ്കര ഹൈപ്പില്‍ നില്‍ക്കുകയാണ്. ഒന്നോ രണ്ടോ ഒഴികെ ബാക്കി മീഡിയ എല്ലാം നമുക്ക് അനുകൂലമാണ്. വിഷയം നാഷണല്‍ ലെവലിലേക്ക് പോകുകയാണ്. ഇന്ന് നമ്മുടെ കഴിവ് തെളിയിച്ചു. എത്രപേരുണ്ടെന്ന്. നാളെ മന്ത്രിയെ കാണാന്‍ അവസരമുണ്ട്. മിനിസ്റ്റര്‍ കാണുന്നില്ലെന്ന് നമ്മള്‍ പരാതി പറഞ്ഞതുകൊണ്ട് നാളെ കണ്ട് പരാതി തീര്‍ക്കുന്നു എന്നേയുള്ളൂ. നാളെ പരിഹാരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷേ വൈകാതെ പരിഹാരമുണ്ടാകുന്നതിനുള്ള വഴികള്‍ കാണുന്നുണ്ട്’ എന്നാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

പിജി ഡോക്ടര്‍മാര്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ചര്‍ച്ചയുടെ ഭാഷ്യം നല്‍കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം നാല് ശതമാനം സ്‌റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടാണ് സമരം. നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്‌റ്റൈപന്‍ഡ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞത്.

സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണ്. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്മാര്‍ കൂടി പണിമുടക്കിയതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായത്. അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിംഗുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവരടക്കം ദുരിതത്തിലായി.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒപിയില്‍ നിന്ന് വിട്ടുനിന്നു. ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സമയക്രമം പരമാവധി പുനക്രമീകരിച്ചിട്ടും കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളെ സമരം കാര്യമായി ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളില്‍ തടസ്സപ്പട്ടു. ആവശ്യത്തിന് നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!