/
7 മിനിറ്റ് വായിച്ചു

ഓങ് സാൻ സ്യൂചിയെ മ്യാൻമർ കോടതി നാല് വർഷം തടവിന് ശിക്ഷിച്ചു

മ്യാൻമർ മുൻ ഭരണാധികാരിയും നൊബേൽ ജേതാവുമായ ഓങ് സാൻ സ്യൂചിയെ നാല് വർഷം തടവിന് ശിക്ഷിച്ചു. പട്ടാള ഭരണകൂടത്തിനെതിരെപ്രവർത്തിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് സ്യൂചിയെ ശിക്ഷിച്ചതെന്ന് സർക്കാർ വക്താവിനെ ഉദ്ദരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. സെക്ഷൻ 505 (b) പ്രകാരം രണ്ടു വർഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വർഷവുമാണ് ശിക്ഷ വിധിച്ചത്. മുൻ പ്രസിഡന്റ് വിൻ മിന്റിനും സമാനമായ കുറ്റങ്ങൾക്ക് നാല് വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരെയും ഇതുവരെ ജയിലിലേക്ക് മാറ്റിയിട്ടില്ലെന്ന് വക്താവ് അറിയിച്ചു. ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതൽ 76 കാരിയായ സ്യൂചി വീട്ടുതടങ്കലിലാണ്. ഔദ്യോഗിക രഹസ്യനിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റാരോപണങ്ങളും പട്ടാള ഭരണകൂടം സ്യൂചിയുടെ മേൽ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാൽ സ്യൂചി പതിറ്റാണ്ടുകൾ ജയിലിൽ കിടക്കേണ്ടിവരും. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ പട്ടാള ഭരണകൂടം വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സ്യൂചിയുടെ അഭിഭാഷകനും വിലക്കുണ്ട്. പട്ടാളം ഭരണം പിടിച്ചെടുത്തത് മുതൽ 1,300 പേർ കൊല്ലപ്പെട്ടതായും പതിനായിരത്തോളം പേരെ തടവിലാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!