/
13 മിനിറ്റ് വായിച്ചു

അഴീക്കൽ തുറമുഖം: ഇഡിഐ സംവിധാനത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ

അഴീക്കൽ തുറമുഖത്തിലെ ചരക്ക് നീക്കത്തിന് വിപുലമായ സാധ്യതകൾ നൽകുന്ന  ഇലക്ട്രോണിക് ഡാറ്റാ ഇന്റർചെയ്ഞ്ച് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയതായി കെ വി സുമേഷ് എംഎൽഎ അറിയിച്ചു. പ്രമുഖ ഷിപ്പിംഗ് ഏജൻസികളായ ജെ എം ബക്ഷി, പുഷ്പക് ഷിപ്പിംഗ് കോർപ്പറേഷൻ എന്നിവരുടെ പ്രതിനിധികൾക്കൊപ്പം അഴീക്കൽ തുറമുഖം സന്ദർശിച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പൽ ചാൽ ആഴം കൂട്ടുന്നതിനായി മണ്ണ് മാന്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കപ്പൽ ചാലിന്റെ ആഴം ഏഴ് മീറ്ററാക്കാൻ 22 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് മാറ്റണമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. സർക്കാറിന്റെ അനുമതി കിട്ടിയാൽ മണ്ണ് മാറ്റിത്തുടങ്ങും. ലക്ഷദ്വീപിൽ നിന്ന് അഴീക്കലിലേക്ക് ഒരു യാത്രാക്കപ്പൽ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കും.

 

ഇത് സംബന്ധിച്ച മാരിടൈം ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് അധികൃതരുമായി ചർച്ചകൾ നടത്തും. തുറമുഖത്ത് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു.
ജെഎം ബക്ഷി ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ്, പുഷ്പക് ഷിപ്പിംഗ് കോർപ്പറേഷൻ എംഡി രാഹുൽമോദി, മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഴീക്കൽ സന്ദർശനം നടത്തിയത്. കേരളത്തിലെ വെടിപ്പുള്ളതും സൗകര്യമുള്ളതുമായ തുറമുഖമാണ് അഴീക്കൽ പോർട്ടെന്ന് ജെഎം ബക്ഷി ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് പറഞ്ഞു. ജെഎം ബക്ഷി ഗ്രൂപ്പാണ് ജൂൺ 21 മുതൽ അഴീക്കൽ തുറമുഖം കേന്ദ്രീകരിച്ച് ചരക്ക് കപ്പൽ ഗതാഗതം ആരംഭിച്ചത്. വലിയ പ്രതീക്ഷകളാണ് അഴീക്കൽ തുറമുഖത്തിന്റെ കാര്യത്തിലുള്ളത്. ഇതുവരെ 28 തവണയാണ് അഴീക്കൽ തുറമുഖം വഴി ചരക്ക് നീക്കം നടന്നത്. രണ്ടായിരം കണ്ടെയ്നറുകൾ ഇവിടെ നിന്നും കയറ്റിപ്പോയി. വ്യാപാര സമൂഹവും ഉറച്ച പിന്തുണയാണ് നൽകുന്നത്. സമീപ ഭാവിയിൽ മികച്ച തുറമുഖമായി അഴീക്കൽ മാറും. കണ്ട്ല തുറമുഖത്ത് നിന്നും അഴീക്കലിലേക്ക് നേരിട്ട് ചരക്ക് കപ്പൽ ഗതാഗതം നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കൃഷ്ണദാസ് പറഞ്ഞു. പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രതീഷ് നായർ, ക്യാപ്റ്റൻ അഭിലാഷ് ശർമ്മ, റോഷൻ ജോർജ് എന്നിവരും സംഘത്തെ അനുഗമിച്ചു.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!