ബസ് റൂട്ടുകളില്ലാത്ത സ്ഥലങ്ങളിൽ റൂട്ട് നിർദേശിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ തീർഥാടന കേന്ദ്രങ്ങളെയും പൊതുസ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി പുതിയ ബസ് സർവീസുകൾ ആരംഭിച്ചാൽ സാധാരണ മനുഷ്യർക്ക് വലിയ സഹായകമാകുമെന്ന് സുമേഷ് എം എൽ എ പറഞ്ഞു. പൊതുജനങ്ങൾ ബസുകൾ യാത്ര ചെയ്യുന്നതിലൂടെ മാത്രമേ ബസ് റൂട്ടുകൾ ലാഭകരമാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്പതിലധികം പുതിയ റൂട്ടുകൾ നിർദേശിച്ചുകൊണ്ടുള്ള അപേക്ഷകൾ ജനപ്രതിനിധികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ സമർപ്പിച്ചു. സെപ്റ്റംബർ 30 വരെ റൂട്ട് നിർദേശങ്ങൾ ആർടിഒ ഓഫീസിൽ സമർപ്പിക്കാമെന്ന് ആർടിഒ യോഗത്തിൽ അറിയിച്ചു. നിർദേശിച്ച റൂട്ടുകളുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയാറാക്കിയ ശേഷം എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ബസ് ഓപ്പറേറ്റേഴ്‌സും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീണ്ടും യോഗം ചേരും.
പുതിയതെരു ചിറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സദസ്സിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ അധ്യക്ഷയായി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജേഷ്, ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ, ഡിടിഒ വി മനോജ്കുമാർ, എംവിഐ റെജി കുര്യാക്കോസ്, ജനപ്രതിനിധികൾ, പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.