അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ വൻകുളത്ത് വയലിൽ നിലവിലുള്ള കളിസ്ഥലം നവീകരിച്ച് മിനിസ്റ്റേഡിയമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചതോടെ കായികപ്രേമികൾക്ക് പുത്തൻ പ്രതീക്ഷ. അഴീക്കോട് പഞ്ചായത്തിൽ നിലവിൽ മികച്ച കളിസ്ഥലമില്ലാത്തതിനാൽ കായികമത്സരങ്ങൾ അടക്കം നടത്താൻ ബുദ്ധിമുട്ടിയിരുന്നു.
കൈത്തറി വ്യവസായിയായിരുന്ന എ.കെ. നായരുടെ മകൻ പി.വി. രവീന്ദ്രന്റെ സ്മരണക്ക് ബന്ധുക്കൾ വിട്ടുനൽകിയ വൻകുളത്ത് വയലിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് പഞ്ചായത്തും നാട്ടുകാരും ചേർന്ന് ഒരുക്കിയതാണ് ഇപ്പോഴത്തെ കളിക്കളം. സ്ഥലം ചുറ്റുമതിൽ കെട്ടിയൊരുക്കാൻ മാത്രമേ പഞ്ചായത്തിന് സാധ്യമായുള്ളൂ.
കായിക പ്രേമികളുടെയും അഴീക്കോട് പഞ്ചായത്തിന്റെയും നിവേദനത്തിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരുകോടി അനുവദിച്ചതെന്ന് കെ.വി. സുമേഷ് എം.എൽ.എ അറിയിച്ചു.ഇതോടെ അഴീക്കോട് പഞ്ചായത്തിന്റെ ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് പറഞ്ഞു.
ആധുനിക സൗകര്യത്തോടെ ഓരോ പഞ്ചായത്തിലും ഒരു കളിക്കളം നിർമിക്കുകയെന്ന കായിക വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.ഇതിനകം നിരവധി മത്സരങ്ങൾ നടത്തിയിരുന്ന കളിസ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ മിനി സ്റ്റേഡിയം വരുന്നത് പ്രദേശത്തെ കായിക വളർച്ചക്ക് മുതൽ കൂട്ടാവും.