അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് തെറ്റ്. ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ അനുജിത ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
“എന്തിനാണ് ഡോക്ടർമാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങൾ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാൽ മറ്റ് സംവിധാനങ്ങളെ വിമർശിക്കരുത്. നിങ്ങൾ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമർശിക്കുന്നത്? ഇത്തരം വിമർശനത്തിൽ നിന്നും വിട്ടുനിൽക്കണം” ചീഫ് ജസ്റ്റിസ് എൻ.വി രമണ വാക്കാൽ പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദിനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകി. അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിൻ്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേൺ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹർജിയിൽ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.