/
12 മിനിറ്റ് വായിച്ചു

ബാലഭാസ്ക്കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. സിബിഐ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതി ഉച്ചക്ക് 2 മണിക്ക് കേസ് പരിഗണിക്കും. ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം നൽകിയ ഹർജിയിലാണ് ഇന്ന് കോടതിവിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. കുടുംബം കൈമാറിയ തെളിവുകളിൽ പലതും അന്വേഷണസംഘം പരിശോധിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.

ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസും ക്രൈംബ്രാഞ്ചും നൽകിയ സമാന റിപ്പോർട്ടാണ് സിബിഐയും കോടതിയിൽ സമർപ്പിച്ചത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്നും വെറും അപകട മരണം മാത്രമായിരുന്നു എന്നുമാണ് സിബിഐ കണ്ടെത്തൽ. സ്വർണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് കുടുംബത്തിൻറെ സംശയം ബലപ്പെട്ടത്.

ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വപ്ന സുരേഷിന്റെ സഹായി സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയും ദുരൂഹത വർദ്ധിപ്പിച്ചു. സിബിഐ എല്ലാം പരിശോധിച്ചെങ്കിലും തെളിവില്ലെന്ന് കൈമലർത്തിയാണ് അന്വേഷണം അവസാനിപ്പിച്ചത്. തുടർന്നാണ് നീതി തേടി പിതാവ് ഉണ്ണിയും കലാഭവൻ സോബിയും കോടതിയെ സമീപിച്ചത്. 2015 സെപ്റ്റംബർ 25ന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറിന്റെ മരണം. ആദ്യം മംഗലപുരം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിബിഐയ്ക്ക് കൈമാറിയത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!