കണ്ണൂർ | ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗ ബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ബാലമിത്ര 2.0 കാമ്പയിൻ നടത്തുന്നു.
കുട്ടികളിലെ കുഷ്ഠരോഗ ബാധ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിച്ച കുട്ടികളില്ലാത്ത നിലവിലെ അവസ്ഥ നിലനിർത്തുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് മുൻവർഷങ്ങളിൽ പുതുതായി കണ്ടുപിടിച്ച കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുതൽ ആയിരുന്നു. മൈക്കോ ബാക്ടീരിയം ലെപ്രേ എന്ന രോഗാണുവാണ് കുഷ്ഠരോഗം ഉണ്ടാക്കുന്നത്. പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്.
85-90 ശതമാനം ആളുകൾക്കും കുഷ്ഠ രോഗത്തിനെതിരേ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗസാധ്യത കുറവാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം പ്രത്യക്ഷപ്പെടും. പൂർണമായും ചികിത്സിച്ച് മാറ്റാം.
ആറ് മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന വിവിധൗഷധ (എം ഡി ടി) എല്ലാ സർക്കാർ ആസ്പത്രികളിലും സൗജന്യമായി ലഭിക്കും.