/
16 മിനിറ്റ് വായിച്ചു

‘ശുചിത്വ സാഗരം സുന്ദരതീരം’;കണ്ണൂർ ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും

കണ്ണൂർ: ജില്ലയിലെ കടൽത്തീരങ്ങളിലൂടെ ഇനി മൂക്കുപൊത്താതെ, മുഖം തിരിക്കാതെ നടക്കാം. സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.

കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശ്ശേരി, ധർമടം, മുഴപ്പിലങ്ങാട്, അഴീക്കോട്,മാട്ടൂൽ, രാമന്തളി, മാടായി എന്നീ ഒമ്പത്
തദ്ദേശ സ്ഥാപനങ്ങളിലെ കടൽത്തീരമാണ് ശുചീകരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ കാമ്പയിൻ എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ട പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലതല കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചിരുന്നു. അതിലൂടെ കണ്ടെത്തിയ മാലിന്യം സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് നീക്കം ചെയ്തു.

തദ്ദേശ സ്ഥാപന തലത്തിലുള്ള കടലോര നടത്തം സംഘടിപ്പിച്ചുവരുകയാണ്. അത് ഉടൻ പൂർത്തിയാകും. അതോടെ പദ്ധതിയുടെ രണ്ടാംഘട്ടമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും ആരംഭിക്കും. സെപ്റ്റംബർ 18ന് മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ക്ലീന്‍ കേരള കമ്പനിക്കാണ് മാലിന്യം കൈമാറുക. പദ്ധതിയുടെ ഭാഗമായി ജില്ല- തദ്ദേശസ്ഥാപനതല കോഓഡിനേഷൻ കമ്മിറ്റികൾ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുകയാണ്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായാണ് ജില്ലതല കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചത്. വിവിധ വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. തദ്ദേശ സ്ഥാപന തലവൻ ചെയർമാനും ഫിഷറീസിലെ ഒരു ഉദ്യോഗസ്ഥൻ കൺവീനറുമായാണ് തദ്ദേശ സ്ഥാപനതലത്തിലെ കമ്മിറ്റി.

കടൽത്തീരത്തെ ഒരു കിലോമീറ്റർ പരിധിയുള്ള ചെറു യൂനിറ്റുകളായി തരംതിരിച്ച് ഓരോന്നിനും കൃത്യമായ പ്രവർത്തന മാർഗരേഖ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ. ഓരോ യൂനിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ സംഘത്തെ മാലിന്യ ശേഖരണത്തിനായി ചുമതലപ്പെടുത്തും.

56 കിലോമീറ്ററിൽ 56 ആക്ഷൻ ഗ്രൂപ്പുകളാണ് ജില്ലയിൽ രൂപവത്കരിച്ചത്. ഇതിൽ 200 മീറ്റർ ഇടവിട്ട് 269 മാലിന്യ ശേഖരണ കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കും.ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള മിഷൻ, മത്സ്യഫെഡ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, തീരദേശ വികസന കോർപറേഷൻ, യുവജനക്ഷേമ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!