ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എഞ്ചിനിയറിംഗ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജി ഗോപി എന്നിവരെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
രാവിലെ എട്ടിന് നല്‍കാമെന്ന് പറഞ്ഞ വെള്ളം ഉച്ചയ്ക്ക് ഒരുമണിക്കാണ് എത്തിച്ചത്. പേവിഷപ്രതിരോധ പരിപാടിക്ക് പോകാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകി. ഈ സമയത്ത് ടാങ്കര്‍ ലോറി ജീവനക്കാരെ ഡ്രൈവറായി നിയോഗിച്ചു. പണമടച്ചിട്ടും വെള്ളം നല്‍കാന്‍ വൈകിയതായി കാട്ടി ഭാരത് ജോഡോ യാത്ര സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ അസീസ് മേയര്‍ പ്രസന്ന ഏണസ്റ്റിന് പരാതി നല്‍കിയിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി നടന്നതിനാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നലെ വിശ്രമ ദിവസമായിരുന്നു. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോയതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാണ് കൊല്ലത്തുണ്ടായിരുന്നത്.