പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. ഇരുപതാം പ്രതിയാണ് കുഞ്ഞിരാമന്‍. കസ്റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്. അറസ്റ്റിലായ അഞ്ചു പേരെ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ.യുടെ കാസർകോട്ടെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ചിന്‍റെ സാക്ഷിപ്പട്ടികയിൽ കെ.വി കുഞ്ഞിരാമനില്ലെങ്കിലും ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല നടന്നതിന്‍റെ പിറ്റേന്നാൾ, അതായത് 2019 ഫെബ്രുവരി 18-ന് രാത്രിയിൽ പാക്കം വെളുത്തോളിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. വെളുത്തോളി ചാലിലെ ചെറൂട്ടിവളപ്പ് പ്രദേശത്ത് ഒരു കാർ നിർത്തിയിട്ടതായി വിവരം ലഭിച്ച ബേക്കൽ പോലീസ് സ്ഥലത്തെത്തി. കാർ കസ്റ്റഡിയിലെടുക്കാൻ തുടങ്ങവെ, കേസിലെ രണ്ടാം പ്രതി സജി സി. ജോർജ് കാർ തന്റെതാണെന്ന് പറഞ്ഞ് പൊലീസിനടുത്തെത്തി. ഈ സമയം കല്യോട്ട് ഇരട്ടക്കൊലയിലെ പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ വ്യാപകമായി നടക്കുകയായിരുന്നു. സംശയം തോന്നിയെ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി. ഒരുസംഘം ആളുകൾ സംഘടിച്ചെത്തി പൊലീസ് ജീപ്പ് വളഞ്ഞ് സജിയെ മോചിപ്പിച്ചു. പിന്നെയും രണ്ടുദിവസം കഴിഞ്ഞാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്. അന്ന് സംഘടിച്ചെത്തിയവർക്ക് നേതൃത്വം നൽകിയത് കെ.വി കുഞ്ഞിരാമനാണെന്നായിരുന്നു ഇരകളുടെ കുടുംബം കോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞത്. കേസിൽ 10 പേരെ പ്രതി ചേർത്തതായി സി.ബി.ഐ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേർക്ക് പുറമെയാണിത്. 10ൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സി.ബി.ഐ അറിയിച്ചു.