11 മിനിറ്റ് വായിച്ചു

ബിനീഷ് കോടിയേരിക്ക് സ്വീകരണം നൽകി

മുൻപ് സമ്പന്നരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് കളി ഇന്ന് ജനകിയമായിക്കഴിഞ്ഞെന്നും ഇത്തരം കായിക വിനോദങ്ങളിലുള്ള താൽപര്യം കേരളത്തിൽ കൂടി വരുന്നത് യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തുകളെ തടയാൻ പര്യാപ്തമാവുമെന്നും സംസ്ഥാന കായിക വകുപ്പ് മുൻ മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയൻറ് സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിക്ക് തലശ്ശേരി പ്രസ് ഫോറത്തിൽ നൽകിയ സ്വീകരണം ഉദ്​ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിൽ 28 കോടി ആളുകൾ മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നതായാണ് കണക്കുകളിലൂടെ വ്യക്തമാവുന്നത്. ഇതിൽ 10 കോടിയും ഇന്ത്യയിലാണെന്നത് ഭീതിജന്യമാണ്. തലശ്ശേരി ക്രിക്കറ്റിന്‍റെ നാടാണ്. എന്നാൽ ഇവിടെ പെൺകുട്ടികൾ വരെ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്. വടകര ഭാഗത്ത് നിന്നും കടത്തിക്കൊണ്ടു വരുന്ന ലഹരി മരുന്നുകൾ സൈദാർ പള്ളി ഭാഗത്ത് എത്തിക്കും. കാലിൽ പ്രത്യേക അടയാളമിട്ടെത്തിക്കുന്നവരിൽ നിന്നും ഇവ ഏറ്റു വാങ്ങാൻ ഇതേ കോഡിൽ ഏജൻറുമാരെത്തുന്നതും നാം കാണുകയാണ്. ഇക്കാര്യത്തിൽ പുതുതലമുറ ജാഗ്രത പാലിക്കണം. കായിക വിനോദങ്ങളിലേക്ക് യുവ സമൂഹത്തിന്‍റെ ശ്രദ്ധ മാറണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പ്രസ് ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്ണൻ കെ.എം.ജമുനാ റാണി ടീച്ചർ വിശിഷ്ഠാതിഥിയായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സിക്രട്ടറി വി.പി. അനസ്, അനീഷ് പാതിരിയാട്, കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സാരഥി പി.വി.സിറാജുദ്ദിൻ, ഗ്രാൻറ് തേജസ് ഉടമ കെ. അഷ്റഫ്, അബ്ദുൽ ലത്തീഫ് കെ.എസ്.എ, പി.പി.എം. റിയാസ്, കെ.പി. നസീബ് എന്നിവർ സംസാരിച്ചു. ബിനീഷ് കോടിയേരി മറുപടി പ്രസംഗം നടത്തി. പി. ദിനേശൻ സ്വാഗതവും എൻ.സിറാജുദ്ദിൻ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!