കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി.
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്.
‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരൻ പകർന്നാടിയത് എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ. എഴുപത്തൊന്നാം വർഷത്തിൽ അൻപത്തി ഒന്ന് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകർന്നാടി.
ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വർത്ഥം ആക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ അഭിനയ സപര്യയും. കടഞ്ഞുകടഞ്ഞ് കാതൽ മാത്രം ശേഷിച്ച ഒരഭിനയ ശരീരമായി സ്വയം മാറിയ സപര്യ.
1971 ഓഗസ്റ്റിലാണ് സത്യൻ നായകനായി എത്തിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്‍തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെങ്കിലും മമ്മൂട്ടി മുഖം കാട്ടിയത് ‘അനുഭവങ്ങള്‍ പാളിച്ചകളിലാ’ണ്. ഈ സിനിമയിലൂടെ സത്യൻ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. അന്ന് ജൂനിയർ ആർട്ടിസ്റ്റായി വന്ന മമ്മൂട്ടി, ഈ അവാർഡ് പലതവണ വാങ്ങി.
ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ ‘മാധവൻകുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ശേഷം മമ്മൂട്ടിയുടെ കാലമായിരുന്നു സിനിമയിൽ. അച്ഛനായും മകനായും വ്യത്യസ്ത ഭാവത്തിലും രൂപത്തിലും മമ്മൂട്ടി നിറഞ്ഞാടി.
സിനിമയിൽ വലിയൊരു താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, “ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല”, എന്നായിരുന്നു ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.
സിനിമ അല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി ഞാൻ പോയിട്ടില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയോടുള്ള ഈ മോഹമാണ് മലയാളക്കരയുടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയതും.
അമ്പത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയ സുകൃതത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സഹപ്രവർത്തകരും മലാളികളും ഇപ്പോൾ. ഈ മഹാനടൻ ഇനിയും ആഘോഷിക്കട്ടെ ഒരുപാട് ജന്മദിനങ്ങൾ എന്നാണ് മലയാളിയുടെ ആഗ്രഹവും പ്രാർത്ഥനയും. കാത്തിരിക്കാം, ഇനിയുമേറെ അത്ഭുതപ്പെടുത്താനിരിക്കുന്ന മമ്മൂട്ടിയിലെ നടന് വേണ്ടി.