//
13 മിനിറ്റ് വായിച്ചു

‘പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്ന്‌ പൊലീസ്’; പിണറായി യോഗിയോട് മത്സരിക്കുകയാണെന്ന് റിജിൽ മാക്കുറ്റി

കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാനുളള പൊലീസ് നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ്. പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്നാണ് പിണറായി പൊലീസിന്റെ മുന്നറിയിപ്പ്. മുസ്ലീം സഹോദരങ്ങളായ വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും അപമാനിക്കൽ ആണിതെന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

”കേരള മുഖ്യൻ പിണറായി യോഗിയോട് മത്സരിക്കുകയാണ്. കണ്ണൂരിൽ പള്ളികൾക്ക് പിണറായി പൊലീസിന്റെ മുന്നറിയിപ്പ്. പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്ന്‌ ചങ്കന്റെ പോലീസ്. മുസ്ലീം സഹോദരങ്ങളായ വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും അപമാനിക്കൽ ആണിത്. സംഘികളെ സുഖിപ്പിക്കാൻ പിണറായി നടത്തുന്ന നാണംക്കെട്ട ഏർപ്പാടാണ് ഇത്. ശക്തമായ പ്രതിഷേധം ഉയരണം”.

കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോട്ടീസ് ലഭിച്ചത്.പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാൽ അത്തരം വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പൊലിസ് ഇൻസ്പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!