കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരാൾ ഓടി പോകുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീൽ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞു.
പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ മത തീവ്രവാദികൾ പ്രദേശത്ത് സമാധാനന്തരീക്ഷം തകർക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് ആരോപിച്ചു എന്നാൽ ആർഎസ്എസും എസ്ഡിപിഐയുമാണ് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
രണ്ടാഴ്ചകൾക്ക് മുന്നേ ചാവശേരിയിൽ ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വീടുകളും ഒരു കാറും തകർത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരായ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ചാവശ്ശേരി ടൗണിൽ പൊലീസ് കാവൽ തുടരുന്നുണ്ട്.