കണ്ണൂര്: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ആറ് വയസുകാരന് ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അതിനിടെ, പ്രതി മുഹമ്മദ് ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചു.
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോൾട്ട്. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ് എഡിജിപിക്ക് നൽകി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്. മർദ്ദനമേറ്റ സ്ഥലത്ത് പൊലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ് എച്ച് ഒ അടക്കം സ്റ്റേഷനിലെ നാല് പൊലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ നടപടി വരാനാണ് സാധ്യത.
സംഭവത്തിൽ പൊലീസ് വീഴ്ചയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ ആരായുമെന്നും കെ വി മനോജ് കുമാർ അറിയിച്ചു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, കുട്ടിയെ ചവിട്ടിയ മുഹമ്മദ് ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മർദ്ദനമേറ്റ കുഞ്ഞിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും സിസ്ചാർജ്ജ് ചെയ്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.