പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നല്‍കാന്‍ എം.ബി.എ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എം.ബി.എ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയെയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര്‍ വിജിലന്‍സിന്‍റെ പിടിയിലായത്. എം.ബി.എ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പണം വാങ്ങി ഇവര്‍ തിരുത്തി നല്‍കിയതായും കണ്ടെത്തിയിരുന്നു.
കേസിനെ തുടര്‍ന്ന് സര്‍വകലാശാല ഇവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങിയ സമിതി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ജോ. രജിസ്ട്രാര്‍ എന്‍. ശ്രീലതയെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സിന്‍ഡിക്കേറ്റ് എല്‍സിയെ പിരിച്ചു വിടാനും തുടര്‍നടപടി സ്വീകരിക്കാനും വി.സിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇവരോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പിരിച്ചു വിടാന്‍ വി.സിയുടെ ചുമതല വഹിക്കുന്ന പ്രോ.വി.സി ഉത്തരവിടുകയായിരുന്നു.