ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.