വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവും കുറ്റിക്കോൽ വീണ്ടും അപകട കേന്ദ്രമാകുന്നു. കണ്ണൂരിൽനിന്നും പയ്യന്നൂരിലേക്ക് പോകുന്ന ബസ്സാണ് ബുധനാഴ്‌ച അമിതവേഗം കാരണം കുറ്റിക്കോലിൽ അപകടത്തിൽപ്പെട്ടത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അപകടം കുറയ്‌ക്കുന്നതിന് നെല്ലിയോട് മുതൽ കുറ്റിക്കോൽ പാലംവരെ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. വേഗം കുറയ്‌ക്കണമെന്ന നിർദേശങ്ങളുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിതവേഗത്തിലാണ് പോവുന്നത്.
രണ്ട് വാഹനങ്ങൾക്ക് മാത്രം കടന്നുപോകാനുള്ള സൗകര്യം മാത്രമേ ഉള്ളൂവെങ്കിലും മഴക്കാലത്തും ബസ്സുകളുടെ മത്സര ഓട്ടമാണ്. അമിതവേഗത്തിൽ ബസ് വരുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സർവീസ് സ്‌റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.അപകടത്തിൽപ്പെട്ട ബസ് കണ്ണൂരിൽ നിന്നും പുറപ്പെടുമ്പോൾ യാത്രക്കാർ കുറവായതിനാൽ അമിതവേഗത്തിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
11 പേർക്ക് പരിക്ക്
ബക്കളം കുറ്റിക്കോലിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ 11 പേർക്ക് പരിക്ക്. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുന്ന പിലാക്കുന്നേൽ ബസാണ് ബുധൻ പകൽ മൂന്നിന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട് കണ്ണൂർ മിംസ് ആശുപത്രിലെ നഴ്‌സ് ജോബിയ ജോസഫ് മരിച്ചു. മറ്റ് യാത്രക്കാരായ പറശ്ശിനിക്കടവ് തവളപ്പാറയിലെ കണ്ടമ്പേത്ത് ഹൗസിൽ കെ അദ്വൈത് രാജീവ് (18), പിലാത്തറയിലെ വെക്കലക്കാത്ത് എം കെ മുസ്‌തഫ (54), ഭാര്യ റഹ്‌മത്ത് (50), ഏഴോം പടിഞ്ഞാറെ പുരയിൽ നിഷ (39), പയ്യന്നൂരിലെ ജേസി നിവാസിൽ രശ്‌മി (34), കൊയ്യം ഹരിതാലയത്തിൽ സൂര്യ (32) എന്നിവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും ബസ് കണ്ടക്ടർ കെ രതീഷ് (30) പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അണിക്കാടിയിലെ ജിജേഷ് (31), ചേപ്പറമ്പിലെ ശ്രീജിത്ത് (43), നിടുവാലൂരിലെ അനസ് (35), രാമന്തളിയിലെ രൂപിക (16) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.