തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.സമഗ്രമായ പുനസ്സംഘടനയ്ക്കാണ് ഒരുക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു
അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്. പ്രഗതി മൈതാനില്‍ പുതുതായി പണിത കണ്വെന്ഷന് സെന്ററിലായിരിക്കും യോഗം.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാജസ്ഥാന്, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. 2024 ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പ്രാഥമിക ധാരണ ആയ സാഹചര്യത്തില്‍ മറുതന്ത്രങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് വിവരം.