കോഴിക്കോട്: ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി.ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്‌ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബം പറഞ്ഞത്.സബ്കളക്ടറും ഉദ്യോഗസ്ഥരും വ്യാഴാഴ്ച വീട്ടില്‍ എത്തുമ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹ പന്തലില്‍ നിന്നാണ് പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കുട്ടിയുമായി ബന്ധപ്പെട്ടിരുന്നു. നിജസ്ഥിതി മനസ്സിലാക്കിയതോടെയാണ് മജിസ്‌ട്രേറ്റ് ഇന്‍ജങ്ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. വിവാഹം നടക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ബേപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.